
സപ്തംബറില്‍ ശ്രീലങ്കയില്‍ നടക്കുന്ന ട്വന്‍റി 20 ലോകകപ്പ് യുവരാജ് സിങ് എന്ന ഇന്ത്യന്‍ ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയും പരീക്ഷണവുമാണ്. കാന്‍സര്‍ബാധിതനായിരുന്ന യുവി മാസങ്ങള്‍ നീണ്ട ചികില്‍സക്ക് ശേഷം ക്രീസില്‍ തിരിച്ചെത്തുകയാണ് ഈ ഘട്ടത്തില്‍ യുവിക്ക് പ്രചോദനമാവാന്‍ പോന്ന ഒരു സംഘം താരങ്ങള്‍ കായിക ലോകത്തുണ്ട്.
മരണത്തെ മുന്നില്‍ക്കണ്ട ശേഷം മനക്കരുത്തു കൊണ്ട് എല്ലാത്തിനേയും അതിജീവിച്ച് കൂടുതല്‍ കരുത്തോടെ കളിക്കളത്തിലേക്ക് തിരിച്ചെത്തിയവരില്‍ ചക്രവര്‍ത്തിപ്പട്ടം സൈക്ലിങ് താരം ലാന്‍സ് ആംസട്രോങിന് അവകാശപ്പെട്ടതാണ്. കാന്‍സര്‍ബാധിതനായി മരണം ഏറെക്കുറെ ഉറപ്പിച്ച അവസ്ഥയില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്നയാള്‍. വെറും സാധാരണ തിരിച്ചുവരവല്ല. സൈക്ലിങ്ങിലെ വിംബിള്‍ഡണ്‍ എന്നറിയപ്പെടുന്ന ടൂര്‍ ഡി ഫ്രാന്‍സ് സൈക്കിളോട്ട ചാമ്പ്യന്‍ഷിപ്പില്‍ രോഗവിമുക്തിക്കുശേഷം തുടരെ ഏഴു തവണ ചാമ്പ്യനായി ലോകറെക്കോഡിട്ട താരം. ഒരു വ്യക്തിയെന്ന നിലയിലും കായിക താരമെന്നനിലയിലും ലോകമെമ്പാടുമുള്ള കാന്‍സര്‍ രോഗികള്‍ക്ക് പ്രചചോദനമായി നില്‍ക്കുകയാണ് ഈ അമേരിക്കക്കാരന്‍.

സൈക്കിള്‍ റേസ് താരമെന്ന നിലയില്‍ പ്രശസ്തിയിലേക്കുയരുമ്പോഴാണ് ആംസ്‌ട്രോങിന്റെ ജീവിതം കീഴ്‌മേല്‍ മറിയുന്നത്. ഇരുപത്തിയഞ്ചാം വയസ്സില്‍ 1996 ഒക്ടോബര്‍ രണ്ടിനാണ് അദ്ദേഹത്തിന് രോഗബാധ തിരിച്ചറിയുന്നത്.തുടര്‍ച്ചയായി ശരീര വേദനയും വിഷമങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും കാര്യമാക്കിയില്ല.ഒരു പ്രൊഫഷണല്‍ അത്‌ലറ്റിന് ഇതൊക്കെ സ്വാഭാവികമാണെന്ന് കരുതി അവഗണിച്ചു്.തുടര്‍ന്ന് വിട്ടുമാറാത്ത തലവേദനയും ചുമയുമൊക്കെയായി.ഒരു വൃഷ്ണത്തിന് വീക്കവും വന്നു.തുടര്‍ന്ന് ഡോക്ടറെ കണ്ടതോടെ ഞെട്ടിക്കുന്ന ആ സത്യം മനസ്സിലായി -തനിക്ക് കാന്‍സറാണ്.
ആംസ്‌ട്രോങിന്റെ വൃഷ്ണത്തെയാണ് (ടെസ്റ്റിക്കുലര്‍ ക്യാന്‍സര്‍) ക്യാന്‍സര്‍ ബാധിച്ചത്. അത് വയറിലേക്കും ശ്വാസകോശങ്ങളിലേക്കും തലച്ചോറിലേക്കും വ്യാപിച്ചു കഴിഞ്ഞിരുന്നു. ഗുരുതരമായ അവസ്ഥ. നിങ്ങളുടെ ഏകമകന്‍ നഷ്ടപ്പെടാന്‍ പോകുന്നു എന്നാണ് ഡോക്ടര്‍മാര്‍ ആംസ്‌ട്രോങിന്റെ അമ്മയോട് പറഞ്ഞത. ഒരു കൂട്ടം ഡോക്ടര്‍മാര്‍ ആംസ്‌ട്രോങ് രക്ഷപ്പെടാന്‍ 40 ശതമാനം സാധ്യതയേ ഉള്ളു എന്നും വിലയിരുത്തി.
രോഗം ബാധിച്ച വൃഷ്ണം എടുത്തു മാറ്റാനായി ഒരു ശസ്ത്രക്രിയ. തലച്ചോറിലെ രോഗബാധ മാറ്റാനായി മറ്റൊരു ശസ്ത്രക്രിയ. മൂന്നു മാസക്കാലം നീണ്ട നാല് റൗണ്ട് കീമോതെറാപ്പി. ഏതൊരു മനുഷ്യനും തളരുന്ന അവസ്ഥ.
മനക്കരുത്തിന്റെയും മരുന്നിന്റെയും ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും കരുത്തില്‍ ആംസ്‌ട്രോങ് ജീവിതത്തിലേക്ക് വിജയകരമായി തിരിച്ചുവന്നു. പരിശീലനം പുനരാരംഭിച്ചു.

രോഗബാധിതനാകും മുമ്പ് നേടാന്‍ പറ്റാത്ത വിജയങ്ങളൊക്കെ തിരിച്ചുവരവില്‍ സ്വന്തമാക്കി. ടൂര്‍ ഡി ഫ്രാന്‍സ് സൈക്ലിങ് കിരീടം 1999 മുതല്‍ 2005 വരെ തുടരെ ഏഴുവര്‍ഷം നേടി റെക്കോഡിട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ഏക സൈക്ലിങ് താരമെന്ന ബഹുമതി നേടി കായികലോകത്തെ തിളങ്ങുന്ന താരമായി.
അഞ്ച് തവണ കിരീടം നേടിയ മിഗ്വല്‍ ഇന്‍ഡൂറിയന്‍, ബെര്‍ണാഡ് ഹിനാള്‍ട്ട്, എഡ്ഡി മെര്‍ക്ക്‌സ്, ജാക്വസ് അങ്ക്വല്‍റ്റി എന്നിവരുടെ റെക്കോഡാണ് കാന്‍സറിനെതിരെ പടവെട്ടി ജയിച്ച അതേ പോരാട്ടവീര്യത്തോടെ ആംസ്‌ട്രോങ് മറികടന്നത്.
ചികിത്സയില്‍ കഴിയുമ്പോഴാണ് കാന്‍സര്‍ രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന് മനസ്സിലായത്. മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍. കാന്‍സര്‍ രോഗികള്‍ക്ക് സഹായവും ആശ്വാസവും പ്രചോദനവും നല്‍കാന്‍ അദ്ദേഹം സ്ഥാപിച്ച പ്രസ്ഥാനമാണ് ലാന്‍സ് ആംസ്‌ട്രോങ് ഫൗണ്ടേഷന്‍ (എല്‍.എഫ് എ.).ഇന്ന് ആയിരക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് അഭയമാണ് ഈ പ്രസ്ഥാനം.
കാന്‍സര്‍ രോഗികള്‍ക്കും കായികതാരങ്ങള്‍ക്കും ഒരു പോലെ മാതൃകയും പ്രചോദനവുമായി മാറിയ ആംസ്‌ട്രോങിനെത്തേടി അവാര്‍ഡുകളുടെ പെരുമഴയാണ് എത്തിയത്. ഫോമിന്റെ ഉന്നതിയില്‍ നില്‍ക്കെ 2005ല്‍ അദ്ദേഹം കരിയറിന് വിരാമമിട്ടു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തി.2009ല്‍ ടൂര്‍ ഡി ഫ്രാന്‍സില്‍ മൂന്നാം സ്ഥാനം നേടി.2011 ഫിബ്രവരിയില്‍ അദ്ദേഹം സൈക്ലിങിനോട് പൂര്‍ണമായി വിടപറഞ്ഞു.

ആംസ്‌ട്രോങിന് പറയാനുള്ളത്
കാന്‍സര്‍ എന്നത് ജീവിതത്തിന്റെ അവസാന വാക്കല്ല.
പ്രതീക്ഷയാണ് ഒരു കാന്‍സര്‍ രോഗിക്ക് വേണ്ടത്.അതാണ് ജീവിതത്തില്‍ പൊരുതാന്‍ അവനുള്ള ഏറ്റവും പ്രധാനപ്പെട്ട ആയുധം.
കാന്‍സറിന് ശേഷവും ജീവിതം ഉണ്ടാകും .ജീവിതം ഉണ്ടാകണം.അതാണ് രോഗബാധിതര്‍ മനസ്സിലാക്കേണ്ടത്.
കാന്‍സര്‍ ബാധിതന് തന്റെ രോഗത്തെക്കുറിച്ച് അവബോധമുണ്ടായിരിക്കണം.
ഒരു ഡോക്ടറുടെ മാത്രം അഭിപ്രായം കേള്‍ക്കരുത്. മറ്റ് ഡോക്ടര്‍മാരുടെയും അഭിപ്രായങ്ങള്‍ തേടുക. ഡോക്ടര്‍മാരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കരുത്.
നിങ്ങള്‍ക്ക് ഏത് തരത്തിലുള്ള ചികിത്സയാണ് വേണ്ടതെന്ന കാര്യത്തില്‍ അവസാന തീരുമാനമെടുക്കേണ്ടയാള്‍ നിങ്ങളാണ്.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സാന്നിധ്യവും രോഗിക്ക് ഏറെ ആവശ്യമാണ്.
ജീവിതത്തിലുള്ള നിങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്താനുള്ള എല്ലാ കാര്യങ്ങളും നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കണം.
ലാന്‍സ് ആംസ്‌ട്രോങ് ഫൗണ്ടേഷന്‍
കാന്‍സര്‍ ബാധിതര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനായി ലാന്‍സ് ആംസ്‌ട്രോങ് 1997ല്‍ സ്ഥാപിച്ച സംഘടനയാണ് ലാന്‍സ് ആംസ്‌ട്രോങ് ഫൗണ്ടേഷന്‍ (എല്‍.എഫ്.എ).അമേരിക്കയിലെ ടെക്‌സാസില്‍ ഓസ്റ്റിനിലാണ് സംഘടനയുടെ ആസ്ഥാനം.
കാന്‍സര്‍ രോഗബാധ അതിജീവിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രചോദനവും ശക്തിയും പകരുകയാണ് സംഘടനയുടെ ലക്ഷ്യം. കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും സംഘടന നല്‍കുന്നു.

മരണത്തിന് ചെക്ക് പറഞ്ഞ് ചെക്ക്
ചെക്ക് റിപ്പബ്ലിക്കിന്റെയും ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയുടെയും ഗോള്‍ കീപ്പര്‍ പീറ്റര്‍ ചെക്കിന്റേത് രണ്ടാം ജന്മമാണ്. കളിക്കളത്തിലും ജീവിതത്തിലും. അന്താരാഷ്ട്ര തലത്തിലും ക്ലബ്ബ് ഫുട്‌ബോളിലെയും മുന്‍നിര ഗോള്‍കീപ്പറായി മുന്നേറുമ്പോഴാണ് ചെക്കിന് ദുരന്തം സംഭവിക്കുന്നത്. കളിക്കളത്തില്‍ എതിര്‍താരത്തിന്റെ മുട്ട് തലയില്‍ ഇടിച്ചതിനെത്തുടര്‍ന്ന് തലയോട് തകര്‍ന്ന് ചെക്ക് മരണത്തെ മുന്നില്‍ കണ്ടു. എങ്കിലും മൂന്നു മാസത്തിനുള്ളില്‍ അദ്ദേഹം കളിക്കളത്തിലേക്ക് വിജയകരമായി തിരിച്ചു വന്നു.
2006 ഒക്ടോബര്‍ 14 ന റീഡിങുമായുള്ള പ്രീമിയര്‍ മത്സരത്തിലാണ് ചെക്കിന് അപകടം സംഭവിച്ചത്. ഗോള്‍മുഖത്ത് നിന്ന് പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ റീഡിങ് താരം സ്റ്റീഫന്‍ ഹണ്ടിന്റെ കാല്‍മുട്ട് ചെക്കിന്റ തലയ്ക്ക്് കൊണ്ടു. അതോടെ ഗോള്‍കീപ്പര്‍ ബോധരഹിതനായി വീണു.
കാര്‍ അപകടത്തില്‍ സംഭവിക്കുന്നതുപോലുള്ള പരുക്കാണ് ചെക്കിനേറ്റതെന്നാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. വിദഗ്ധ പരിശോധനയില്‍ തലയോട്ടിയിലെ ഒരു ഭാഗം പൊട്ടി രണ്ട് അസ്ഥിക്കഷണങ്ങള്‍ വേര്‍പെട്ട് തലച്ചോറിനേട് ചേര്‍ന്ന് നില്‍ക്കുന്നതായി കണ്ടു. ശസ്ത്രക്രിയയിലൂടെ ഇവ നീക്കി പകരം മെറ്റല്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചു. ഇവ കുറച്ചു കൂടി നീങ്ങിയിരുെന്നങ്കില്‍ മരണം തന്നെ സംഭവിച്ചേനേ.
അപകടം നടന്ന് നാലാം ദിവസമാണ് ചെക്കിന് ഓര്‍മ തിരിച്ചു കിട്ടുന്നത്. അത് വരെയുള്ള കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ഓര്‍മയിലേയില്ല. കൂട്ടുകാര്‍ ആസ്പത്രിയിലെത്തി വിവരങ്ങള്‍ പറയുമ്പോഴും അപകടത്തെക്കുറിച്ച് ഓര്‍ത്തെടുക്കാന്‍ പോലും അദ്ദേഹത്തിനായില്ല.
ഒരു വര്‍ഷത്തോളം ചെക്കിന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ അദ്ദേഹം ഏറെ ബുദ്ധിമുട്ടി. ഇതെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നു 'വാക്കുകള്‍ ഓര്‍മ്മിച്ചെടുക്കാന്‍ പ്രയാസം. പറയുന്നതൊക്കെ തെറ്റുന്നു. ചിലപ്പോള്‍ അസഹനീയമായ തലവേദന വരും. അപ്പോള്‍ ഒന്ന് ചലിക്കാന്‍ പോലുമാവില്ല.മരുന്നുകള്‍ ഒത്തിരി സഹായിച്ചു. പക്ഷേ ചിലപ്പോള്‍ ഒന്നും ചെയ്യാന്‍ തോന്നില്ല. അഞ്ച് മിനിറ്റിലധികം ടെലിവിഷന്‍ കാണുന്നതുപോലും അസഹനീയമായി തോന്നും.
അവസാനം ഞാന്‍ പരിശീലനം പുനരാരംഭിച്ചു. ചില ദിവസങ്ങളില്‍ വളരെ ആവേശത്തോടെ ഞാന്‍ എല്ലാകാര്യങ്ങളും ചെയ്തു.അടുത്ത ദിവസം കാര്യങ്ങള്‍ നേരെ തിരിയും.രാവിലെ എഴുന്നേറ്റാല്‍ ഒന്നും ചെയ്യാനാവില്ല.ആ ദിവസം മുഴുവന്‍ കിടന്നുറങ്ങും.'
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാ മുന്‍വിധികളെയും കാറ്റില്‍പ്പറത്തി മൂന്ന് മാസത്തിനുള്ളില്‍ ചെക്ക് കളിക്കളത്തിലേക്ക് മടങ്ങിയെത്തി.
തിരിച്ചുവരവില്‍ തലയില്‍ ഒരു സുരക്ഷാകവചവും (ഹെഡ് ഗാര്‍ഡ് ) ധരിച്ചാണ് ചെക്ക് കളിക്കളത്തിലിറങ്ങുന്നത്.തലയോടിന് ഇത് ആവശ്യമായ സുരക്ഷ നല്‍കും.മടങ്ങി വരവിലെ ചെക്കിന്റെ ട്രേഡ് മാര്‍ക്കാണ് സുരക്ഷാ കവചം.
ചെക്കിന്റെ അനാവശ്യമായ ഭയം മൂലമാണ് ഇപ്പോഴും സുരക്ഷാ കവചം ധരിക്കുന്നതെന്ന് വിമര്‍ശിക്കുന്നവരുണ്ട്. തനിക്കേറ്റ പരിക്കിന്റെ ഗുരുതരാവസ്ഥ അറിയാത്തവരാണ് ഇത്തരക്കാരെന്നാണ് ഗോള്‍കീപ്പറുടെ അഭിപ്രായം.
അമ്മയുടെ ഒറ്റ പ്രസവത്തില്‍ പിറന്ന മൂന്നുകുട്ടികളില്‍ (ട്രിപ്പ്‌ലെറ്റ്‌സ്) ഒരാളാണ് ചെക്ക്. ഒരു സഹോദരനും സഹോദരിയുമാണ് മറ്റുള്ളവര്‍. ഇതില്‍ സഹോദരന്‍ രണ്ടാം വയസ്സില്‍ അണുബാധയെത്തുടര്‍ന്ന് മരിച്ചു.ട്രിപ്പ്‌ലെറ്റുകളുടെ തലയോടിന് സാധാരണ മനുഷ്യരുടേതിനേക്കാള്‍ കട്ടി കുറവായിരിക്കുമെന്ന് വൈദ്യശാസ്ത്രം പറയുന്നുണ്ട്.ചെക്കിന്റെ പരിക്ക് ഗുരുതരമാകാനുള്ള കാരണം ഇതായിരിക്കാമെന്ന വാദവുമുണ്ട്. ചെക്കിന് സുരക്ഷാ കവചം ഒഴിവാക്കാനാകില്ലെന്ന് ഇത് വ്യക്തമാക്കുന്നു.
ജീവന് തന്നെ ഭീഷണിയുയര്‍ത്തിയ അപകടത്തിനു പോലും തന്റെ പ്രതിഭയെ തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രകടനങ്ങളിൂടെ ചെക്ക് തെളിയിച്ചു. ഇന്നും ലോകത്തെ മുന്‍നിര ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ് അദ്ദേഹം. പരിക്കിനെത്തുടര്‍ന്ന് കരിയര്‍ അവസാനിച്ചെന്ന് കരുതുന്ന കായികതാരങ്ങള്‍ക്ക് പ്രചോദനമാണ് പീറ്റര്‍ ചെക്കെന്ന ഗോള്‍കീപ്പര്‍ . മരണത്തിന് ചെക്ക് പറഞ്ഞ് ചെല്‍സിക്കും ചെക് റിപ്പബ്ലിക്കിനും വേണ്ടി കളിക്കളത്തില്‍ വീരഗാഥ രചിക്കുകയാണ് ഫുട്‌ബോള്‍ ലോകത്തെ മിന്നും കീപ്പര്‍.
തളരാത്ത പോരാളികള്‍
അസുഖമോ അപകടങ്ങളോ വന്നാല്‍ ജീവിതം അവിടംകൊണ്ട് തീര്‍ന്നു എന്ന് കരുതുന്നവരാണ് നമ്മളില്‍ പലരും. കരിയറില്‍ മോഹിപ്പിക്കുന്ന വിജയങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്ന കായിക താരങ്ങളുടെയും സ്ഥിതിയും വ്യത്യസ്തമല്ല. ഒരു ദിവസം കൊണ്ട് ജീവതം കീഴ്‌മേല്‍ മറിഞ്ഞ അവസ്ഥ . കാരണം അവരും സാധാരണക്കാരാണല്ലോ .
ജീവിതിത്തിലെ വീഴ്ചകളില്‍ തളരാതെ വീണ്ടും മുന്നേറുന്ന നിരവധി കായിക താരങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. സാധാരണക്കാര്‍ക്കും മറ്റ് കായിക താരങ്ങള്‍ക്കും പ്രചോദനമായി അവരുടെ ജീവിതം നമുക്ക് മുന്നിലുണ്ട്.
ക്യാന്‍സറിന്റെ ഷോട്ടുകള്‍ തടഞ്ഞ് ബാറ്റിസ്
ഫ്രാന്‍സ് 1984ല്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായപ്പോള്‍ അവരുടെ ഗോള്‍ വലയം കാത്തത് ജോയല്‍ ബാറ്റിസ് എന്ന മുന്‍ ക്യാന്‍സര്‍ രോഗിയാണ്. രോഗത്തെ വിജയകരമായി അതിജീവിച്ച് യൂറോപ്യന്‍ ചാമ്പ്യനയി ബാറ്റിസ്.
1982ല്‍ 25-ാം വയസ്സിലാണ് ബാറ്റിസിന് ടെസ്റ്റിക്യുലര്‍ ക്യാന്‍സര്‍ ബാധിക്കുന്നത്. ശസ്ത്രക്രിയയെത്തുടര്‍ന്ന് അദ്ദേഹത്തിന് പൂര്‍ണസൗഖ്യം ലഭിച്ചു. തുടര്‍ന്നായിരുന്നു യൂറോ കപ്പിലെ വിജയ ഗാഥ.
രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ലോകകപ്പിലും ഇതേ ഫോം കാഴ്ച വയ്ക്കാന്‍ ബാറ്റിസിനായി. ലോകകപ്പില്‍ ബ്രസീലിനെതിരായ ക്വാര്‍ട്ടറില്‍ സീക്കോയുടെ പെനാല്‍റ്റി തടഞ്ഞ് ബാറ്റിസ് പ്രശസ്തനായി. പക്ഷേ സെമിയില്‍ പശ്ചിമ ജര്‍മനിക്കെതിരെ തോറ്റ് ഫ്രാന്‍സ് പുറത്തായി (2-0).
ക്ലബ്ബ് തലത്തില്‍ ഫ്രഞ്ച് ക്ലബ്ബ് ഓക്‌സറിലും പാരിസ് സെന്റ് ജര്‍മയിനിലുമായി അദ്ദേഹം തിളങ്ങി.വിരമിച്ചതിനുശേഷം പരിശീലനരംഗത്ത് തുടരുകയാണ്. ഇപ്പോള്‍ ഫ്രഞ്ച് ക്ലബ്ബ് ലിയോണിന്റെ ഗോള്‍കീപ്പിങ് പരിശീലകനാണ് അദ്ദേഹം.

തിരിച്ചുവരവിനൊരുങ്ങി അബിദാല്‍
ഫ്രാന്‍സിന്റെയും സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെയും താരമായ എറിക് അബിദാലിന്റെ കരിയറിന് വിലങ്ങുതടിയിടാനെത്തിയത് കരളിനെ ബാധിച്ച ക്യാന്‍സറാണ്.കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പകുതിയോടെയാണ് അബിദാലിന് കരളില്‍ രോഗബാധയുണ്ടായത്.ചികിത്സകള്‍ക്കു ശേഷം വൈകാതെ കളിക്കളത്തില്‍ മടങ്ങിയെത്താനായി.അക്കൊല്ലം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ ചാമ്പ്യന്‍
സ് ലീഗ് ഫൈനലില്‍ 90 മിനിറ്റും അദ്ദേഹം കളിച്ചു. ജേതാക്കളായ ബാഴ്‌സലോണയ്ക്കു വേണ്ടി ട്രോഫി വാങ്ങാന്‍ ക്യാപ്റ്റന്‍ കാര്‍ലോസ് പുയോള്‍ നിയോഗിച്ചത് അബിദാലിനെയാണ്.
രോഗം പൂര്‍ണമായി വിട്ടുമാറാഞ്ഞതോടെ ഇക്കൊല്ലം ഏപ്രിലില്‍ അബിദാല്‍ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. മെയ് അവസാനത്തോടെ അദ്ദേഹം ആസ്പത്രി വിട്ടു. വൈകാതെ അബിദാലിന് കളിക്കളത്തില്‍ മടങ്ങിയെത്താനാകുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.
കരള്‍മാറ്റ ശസ്ത്രക്രിയക്കുശേഷം കളിക്കളത്തില്‍ തിരിച്ചെത്തി വിജയിച്ച അമേരിക്കന്‍ സ്‌നോബോര്‍ഡ് താരം ക്രിസ് ക്ലഗിന്റെ കരിയര്‍ അബിദാലിന് പ്രചോദനമാകും. 2000ല്‍ ശസ്ത്രക്രിയക്ക് വിധേയനായ ക്ലഗ് 2002 ലെ വിന്റര്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി.
അവയവം മാറ്റിവയ്ക്കലിനുശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയ മറ്റ് താരങ്ങളുമുണ്ട്. ഫുട്‌ബോള്‍ താരം ഇവാന്‍ ക്ലാസ്‌നിച്ച് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുശേഷം 2008 ലെ യൂറോ കപ്പില്‍ ക്രൊയേഷ്യക്ക് വേണ്ടി കളിച്ചു. റഗ്ബിയിലെ ഇതിഹാസ താരം ന്യൂസീലന്‍ഡിന്റെ ജോനാ ലോമു 2004 ല്‍ വൃക്ക മാറ്റിവച്ചതിനുശേഷം കളിക്കളത്തില്‍ തിരിച്ചെത്തി.എന്‍.ബി.എ.താരം അലോണ്‍സോ മൗണിങ്ങും വൃക്ക മാറ്റിവച്ചതിനുശേഷം കളിക്കളത്തില്‍ തിരിച്ചെത്തി എന്‍.ബി.എ.കിരീടം നേടി.

ആസ്തമയെ വെല്ലുവിളിച്ച് സ്‌കോള്‍സും റാഡ്ക്ലിഫും
ആസ്ത്മാ രോഗബാധിതര്‍ക്ക് പ്രചോദനമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വെറ്ററന്‍ താരം പോള്‍ സ്‌കോള്‍സിന്റെയും മാരത്തണിലെ ലോകറെക്കോഡുകാരി പോളാ റാഡ് ക്ലിഫിന്റെയും ജീവിതം. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇവര്‍ക്ക് ആസ്തമ ബാ്ധിച്ചതാണ് . കൃത്യമായ മരുന്നുകള്‍ കഴിച്ചുാണ് ഇവര്‍ ആസ്തമയെ നിയന്ത്രണത്തിലാക്കുന്നത്. കായികരംഗത്ത് നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്നതില്‍ രോഗം ഇവര്‍ക്ക് തടസ്സമായില്ല.
ഒരിക്കല്‍ വിരമിച്ചതിനുശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മധ്യനിരയുടെ ആണിക്കല്ലായി നില്‍ക്കുകയാണ് സ്‌കോള്‍സ്. 21-ാം വയസ്സിലാണ് സ്‌കോള്‍സിന് ആസ്തമയുണ്ടെന്ന് തിരിച്ചറിയുന്നത്. ഇത് കായിക ജീവിതത്തെ പ്രതിസനന്ധിയിലാക്കാന്‍ അദ്ദേഹം അനുവദിച്ചിട്ടില്ല. യുണൈറ്റഡിനൊപ്പം നേടിയ കിരീടങ്ങള്‍ തന്നെ ഇതിന് സാക്ഷ്യം.

മാരത്തണില്‍ ലോകറെക്കോടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള പോളാ റാഡ്ക്ലിഫിന് 14-ാം വയസ്സിലാണ് ആസ്തമ ബാധിക്കുന്നത്.രോഗം കായിക നേട്ടങ്ങള്‍ക്ക് തടസ്സമല്ലെന്നതിന് റാഡക്ലിഫിന്റെ കരിയറും സാക്ഷി. ഷിക്കാഗോയിലെ ലോകറെക്കോഡിന് പുറമേ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 5000 മീറ്ററിലും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 10000 മീറ്ററിലും അവര്‍ ജേത്രിയായി.ലണ്ടന്‍ മാരത്തണിലും വേള്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിലും വിജയിക്കാനും റാഡ്ക്ലിഫിനായി.
ശരിയായ ചികിത്സയിലൂടെയാണ് ആസ്തമയെ നിയന്ത്രിക്കാന്‍ അവര്‍ക്കാകുന്നത്.
അമേരിക്കയുടെ ഇതിഹാസ നീന്തല്‍ താരം മാര്‍ക്ക് സ്പിറ്റിസ്, ഇംഗ്ലണ്ടിന്റെ മുന്‍ ഓള്‍റൗണ്ടര്‍ ഇയാന്‍ ബോതം,ഒളിമ്പിക്‌സില്‍ മൂന്ന് സ്വര്‍ണമടക്കം ആറ് മെഡലുകള്‍ നേടിയ ജാക്കി ജോയ്‌നര്‍ കെര്‍സി തുടങ്ങിയവരും ആസ്തമയോട് പൊരുതി കായികരംഗത്തും ജീവിതത്തിലും വിജയം നേടിയവരാണ്.
0 comments:
Post a Comment