Translate

Google search

9.19.2012

ഡബിള്‍ മെന്‍ഡിസ്‌

ഹമ്പന്‍ടോട്ട(ശ്രീലങ്ക): അജാന്ത മെന്‍ഡിസ് എന്ന അത്ഭുത ബൗളറും ജീവന്‍ മെന്‍ഡിസ് എന്ന ഓള്‍റൗണ്ടറും കൈകോര്‍ത്തപ്പോള്‍, ശ്രീലങ്കയ്ക്ക് ട്വന്റി 20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഗംഭീര വിജയം. കുട്ടിക്രിക്കറ്റിലെ ബൗളിങ് പ്രകടനത്തില്‍ തന്റെ തന്നെ ലോകറെക്കോഡ് തകര്‍ത്ത അജാന്ത മെന്‍ഡിസ് നാലോവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് കടപുഴക്കിയത് ആറുവിക്കറ്റ്. ശേഷിച്ച നാലുവിക്കറ്റുകളില്‍ മൂന്നും കൈക്കലാക്കിയ ജീവന്‍ മെന്‍ഡിസ് നേരത്തെ, ടീമിനെ കാത്തുരക്ഷിച്ച 43 റണ്‍സ് ബാറ്റിങ് പ്രകടനത്തിനൊപ്പം ഇതും ചേര്‍ത്തുവെച്ചു. ടീമിലെ മെന്‍ഡിസ് ദ്വയം സ്പിന്നിലൂടെ കാട്ടിയ മാജിക്കിനുപിന്നാലെ, അവസാന വിക്കറ്റ് നേടി ലസിത് മലിംഗ 82 റണ്‍സിന്റെ വിജയം ഉറപ്പിച്ചു. 

സ്‌കോര്‍: ശ്രീലങ്ക നാലിന് 182. സിംബാബ്‌വെ 17.3 ഓവറില്‍ 100-ന് പുറത്ത്. 

ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞവര്‍ഷം പല്ലക്കീലില്‍ നാലോവറില്‍ 16 റണ്‍സിന് ആറുവിക്കറ്റ് വീഴ്ത്തിയ പ്രകടനത്തെയാണ് അജാന്ത മെന്‍ഡിസ് ഇവിടെ പിന്തള്ളിയത്. സ്പിന്നര്‍മാരെ നേരിടുന്നതില്‍ സിംബാബ്‌വെ ബാറ്റ്‌സ്മാന്‍മാരുടെ കഴിവുകേടുകൂടി ചേര്‍ന്നപ്പോള്‍ ആതിഥേയ വിജയം അനായാസമായി. നാലോവറില്‍ 24 റണ്‍സ് വഴങ്ങിയാണ് ജീവന്‍ മെന്‍ഡിസ് മൂന്ന് വിക്കറ്റെടുത്തത്. അജാന്ത മെന്‍ഡിസാണ് കളിയിലെ കേമന്‍. 

ടോസ് നേടിയ സിംബാബ്‌വെ ശ്രീലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മുന്‍ക്യാപ്റ്റന്മാരായ കുമാര്‍ സംഗക്കാര(44), ദില്‍ഷന്‍(39), ഓള്‍റൗണ്ടര്‍ ജീവന്‍ മെന്‍ഡിസ്(43 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഭദ്രമായ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. എക്‌സ്ട്രാ ഇനത്തില്‍ കിട്ടിയ 20 റണ്‍സ് പ്രതീക്ഷിച്ചതിലുമപ്പുറത്തെ റണ്‍ നേടാന്‍ ആതിഥേയരെ പ്രാപ്തരാക്കി.

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ എതിരാളികള്‍ക്ക് വമ്പന്‍ അടികള്‍ക്ക് അവസരം കൊടുക്കാതെ തളച്ചിടാന്‍ സിംബാബ്‌വെയ്ക്ക് കഴിഞ്ഞെങ്കിലും പത്തോവറിനുശേഷം സ്ഥിതിമാറി. ഫീല്‍ഡിങ്ങിലെ പിഴവുകളും ഓവര്‍ത്രോകളും വഴി കിട്ടിയ റണ്ണുകള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ സംഗക്കാരയ്ക്കും മെന്‍ഡിസിനും അവസരമേകി. ഓപ്പണിങ് വിക്കറ്റില്‍ ദില്‍ഷന്‍ മുനവീര-തിലകരത്‌നെ ദില്‍ഷന്‍ സഖ്യം 6.3 ഓവറില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ടു സമ്മാനിച്ചശേഷം നേരിയ തകര്‍ച്ച നേരിട്ട ലങ്ക നാലാം വിക്കറ്റില്‍ സംഗക്കാര-മെന്‍ഡിസ് സഖ്യം വാരിയ 94 റണ്‍സിന്റെ ബലത്തില്‍ വമ്പന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. 8.1 ഓവറില്‍ 11.51 റണ്‍ ശരാശരിയിലാണ് നാലാം വിക്കറ്റ് സഖ്യം റണ്‍ വാരിക്കൂട്ടിയത്. മെന്‍ഡിസിന്റെ വരവാണ് മെല്ലെപ്പോക്കില്‍ നിന്നും അതിവേഗത്തിലേക്ക് ലങ്കന്‍ ഇന്നിങ്‌സിനെ എത്തിച്ചത്. 
മത്സരത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ആതിഥേയര്‍ 150ന് അപ്പുറം കടക്കില്ലെന്ന പ്രതീതിയാണുയര്‍ത്തിയത്. സിംബാബ് വെയുടെ ഒരേയൊരു വിക്കറ്റ് വേട്ടക്കാരനായ ഗ്രേയം ക്രീമര്‍ വിചിത്രമായ നോബോള്‍ എറിഞ്ഞ് ഫ്രീഹിറ്റ് സമ്മാനിച്ചത് കാണികളില്‍ കൗതുകമുണ്ടാക്കി. പത്താം ഓവറിലെ മൂന്നാമത്തെ പന്തില്‍ മുന്‍നായകന്‍ മഹേല ജയവര്‍ധനെ വിക്കറ്റിനു മുന്നില്‍ കുടുങ്ങി പുറത്തായെന്ന് അമ്പയര്‍ വിധിച്ചിരുന്നു. പവലിയനിലേക്ക് മടങ്ങിയ ജയവര്‍ധനെ ടെലിവിഷന്‍ റീപ്ലേയിലൂടെ പുറത്താവല്‍ ഉറപ്പാക്കാന്‍ തെല്ലുനേരം കാത്തുനിന്നു. നോബോള്‍ അല്ലായെങ്കില്‍ ബാറ്റ്‌സ്മാന്‍ പുറത്ത് എന്ന നില. ടെലിവിഷന്‍ റീപ്ലേയില്‍ ക്രീമര്‍ ബാക്ക്ഫൂട്ട് നോബോള്‍ എറിഞ്ഞുവെന്ന് തെളിഞ്ഞു. ക്രീസിന് പുറത്തുനിന്നും സൈഡ്‌ലൈന്‍ കട്ടു ചെയ്ത് ബൗള്‍ ചെയ്തതാണ് ബാക്ക്ഫൂട്ട് നോബോളില്‍ കലാശിച്ചത്. ബൗളിങ് തുടങ്ങുമ്പോള്‍ പിന്‍കാല്‍ ക്രീസിന്റെ സൈഡ് ലൈനിനു പുറത്തായിരുന്നു. ഒരുവേള ലോകകപ്പിലെ ആദ്യ ബാക്ക് ഫൂട്ട് നോബോളാകാമിത്. ജയവര്‍ധനെ പുറത്താവലില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് മാത്രമല്ല ഫ്രീഹിറ്റിനുള്ള അവസരവും സമ്പാദിച്ചു. ഈ ഫ്രീഹിറ്റില്‍ ജയവര്‍ധനയ്ക്ക് ഒരു റണ്‍പോലും കിട്ടിയില്ലെന്നത് വേറെ കാര്യം. ജയവര്‍ധനയുടെ വിക്കറ്റ് കിട്ടിയില്ലെങ്കിലും ഇതേ ഓവറിലെ അഞ്ചാം പന്തില്‍ ദില്‍ഷനെ വീഴ്ത്തി ക്രീമര്‍ മാറ്റു തെളിയിച്ചു.

0 comments:

Post a Comment