Translate

Google search

8.21.2012

പാകിസ്താനില്‍ ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു

ഇസ്‌ലാമാബാദ്: ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് നാലു വന്‍നഗരങ്ങളില്‍ നിര്‍ത്തിവെച്ചിരുന്ന മൊബൈല്‍ഫോണ്‍ സേവനങ്ങള്‍ പാകിസ്താന്‍ പുനഃസ്ഥാപിച്ചു. ലാഹോര്‍, കറാച്ചി, ക്വറ്റ, മുള്‍ട്ടാന്‍ എന്നീനഗരങ്ങളിലെ മൊബൈല്‍ ഫോണ്‍ സേവനമാണ് പാകിസ്താന്‍ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പുനഃസ്ഥാപിച്ചത്. ഈദ് ആഘോഷങ്ങള്‍ക്കിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുള്ള ബോംബാക്രണം തീവ്രവാദികള്‍ നടത്തുമെന്ന ഭീഷണിയെത്തുടര്‍ന്നായിരുന്നു സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. 

ഞായറാഴ്ച വൈകിട്ട് എട്ടുമണിമുതലായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സെല്ലുലാര്‍ ഓപ്പറേറ്റര്‍മാര്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. ചിലഭാഗങ്ങളില്‍ രാവിലെമുതല്‍തന്നെ സേവനം പുനഃസ്ഥാപിച്ചു. എങ്കിലും ഈദുല്‍ഫിത്തര്‍ പ്രാര്‍ഥനയെത്തുടര്‍ന്ന് എഴുമണിമുതല്‍ മൂന്നുമണിക്കൂര്‍ പിന്നെയും സേവനം അവസാനിപ്പിച്ചു. ഇതിനുശേഷം ഉച്ചയോടെ മുഴുവന്‍സേവനവും പുനഃസ്ഥാപിച്ചു.

മൊബൈല്‍ഫോണ്‍ സേവനം മരവിപ്പിച്ച പാക് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടിയെ ജനങ്ങള്‍ കഠിനമായി വിമര്‍ശിച്ചു. വിശേഷഅവസരത്തില്‍ ബന്ധുക്കളെ ആശംസ അറിയിക്കാന്‍പോലും പറ്റിയില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലും ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്കിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. അത്യാവശ്യ സമയത്ത് പോലീസിലോ ആംബുലന്‍സിലോ വിളിക്കാന്‍ പോലും ആയില്ലെന്നും അവര്‍ ആക്ഷേപിച്ചു.

മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണം അവസാനിപ്പിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടിയാണ് സെല്ലുലാര്‍ സര്‍വീസുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതെന്ന് ആഭ്യന്തരമന്ത്രി മാലിക് പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അടിയന്തര സാഹചര്യമുണ്ടായാല്‍ ഇസ്‌ലാമാബാദിലെയും മൊബൈല്‍ഫോണ്‍ സര്‍വീസ് അവസാനിപ്പിക്കാന്‍ ക്രമീകരണം നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

0 comments:

Post a Comment