
കല്ല്യാണം കഴിഞ്ഞാല്‍ നായികമാര്‍ കാശിക്ക് പോണോ? ഈ ചോദ്യത്തിന് മംമ്തയെന്ന അഭിനേത്രി തന്റെ ജീവിതം കൊണ്ട് മറുപടി പറയുകയാണ്. പുതു ജീവിതത്തിന്റെ പ്രകാശത്തില്‍ സിനിമയില്‍ സജീവമാണ് ഈ കലാകാരി. ആര്‍ക്ക്‌ലൈറ്റിന്റെ വെളളി വെളിച്ചത്തില്‍ നിന്ന് വഴിമാറി നടക്കാന്‍ തനിക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു മംമ്ത പ്രജിത്തിനെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. അതിനാല്‍ കല്ല്യാണത്തിനു മുമ്പ് എങ്ങനെയായിരുന്നുവോ, അതേ പോലെയെന്ന് മംമ്ത. രണ്ടു സിനിമകളിലെ നായികാ വേഷങ്ങള്‍ , മണിഗെയിം ഷോയുടെ അവതാരക അങ്ങനെയങ്ങനെ അവര്‍ തിരക്കിലാണിപ്പോള്‍. അതിനിടയില്‍ ഭാര്യാ പദവിയും. നിരവധി പ്രതിസന്ധികളില്‍ തളരാതെ ജീവിതം തിരിച്ചു പിടിച്ച ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ഈ അഭിനേത്രിയുടെ യാത്ര.
വിവാഹാനന്തരം വീണ്ടും സിനിമയുടെ ഭാഗമാകുന്നു.അവതാരകയാകുന്നു. പുതിയജീവിതം എങ്ങനെ? രണ്ടാം ഘട്ടം എന്നു പറയാമോ?
വിവാഹത്തിനു മുമ്പും വിവാഹത്തിനു ശേഷവും എന്നത് പലരും ഒരു പാറ്റേണാക്കി വെച്ചിരിക്കുകയാണ്. അത് ഹീറോകള്‍ക്ക് ഇല്ലല്ലോ? അതു കൊണ്ട് തന്നെ ഇപ്പോഴത്തെ തലമുറയില്‍ അങ്ങനെ ചിന്തിക്കുന്നവര്‍ കുറവായിരിക്കും. സിനിമാജീവിതത്തിനിടയിലാണ് കല്ല്യാണം എന്ന സംഭവം എന്റെ ജീവിതത്തില്‍ നടന്നത്. കല്ല്യാണത്തിന്റെ നാലു ദിവസം മുമ്പ് വരെ ഷൂട്ടിങ്ങായിരുന്നു.അരികെ എന്ന ചിത്രം തീര്‍ത്തിട്ടാണ് ഡിസംബര്‍ 28-ാം തീയതി ഞാന്‍ കല്ല്യാണം അതിന്റെയിടയില്‍ നടത്തിയത്.
പെട്ടെന്നുളള കല്ല്യാണം. ഒന്നര മാസം ബ്രേക്ക് എടുത്തു. കല്ല്യാണത്തിനു ശേഷമുളള ബ്രേക്ക് . പിന്നെ ജവാന്‍ ഓഫ് വെളളിമല, മൈബോസ്, സൂര്യയിലെ കൈയില്‍ ഒരു കോടി ആര്‍ യു റെഡി എന്നിവയുടെ സെറ്റിലായിരുന്നു. എന്നും തിരക്ക് അനുഭവിക്കുന്നതു പോലെ ഇന്നും തിരക്കുണ്ട്. ഇപ്പോള്‍ കുറച്ചു കൂടി കൂടും. ഫാമിലി ലൈഫും അതിന്റെ കൂടെ കൊണ്ടു പോകാന്‍ ശ്രമിക്കുന്നു. വളരെ അപൂര്‍വ്വമായിട്ടേ ബ്രേക്ക് കിട്ടുന്നുളളൂ. കിട്ടുന്ന ഒന്നോ രണ്ടോ ആഴ്ച ബഹ്‌റിനില്‍ പോയി തിരിച്ചു വരും. . ഫാമിലി ലൈഫ് മനോഹരമാക്കും. ഞാനും പ്രജിത്തും മീറ്റ് ചെയ്യുന്ന സമയത്തൊക്കെ വളരെ എന്‍ജോയ്ബിളായിരിക്കും. പ്രജിത്തിന്റെ കുടുംബാംഗങ്ങളുമായി അടുക്കാന്‍ വളരെ ഈസിയാണ്.നൈസ് ഫാമിലിയാണ് .എല്ലാം കൂടി ഒരുമിച്ച് പോകുന്നു
വിവാഹജീവിതത്തിന് ഈ തിരക്കിനിടയില്‍ എത്രത്തോളം പ്രാധാന്യം കൊടുക്കാന്‍ കഴിയും?
വിവാഹജീവിതത്തിന് അതിന്റേതായ പ്രാധാന്യം കൊടുക്കുന്നു. അതിനാണല്ലോ കല്ല്യാണം കഴിച്ചിരിക്കുന്നത്. പക്ഷേ, തിരക്കു പിടിച്ച ഷെഡ്യൂളിലാണിപ്പോഴുളളത്. ഈ രണ്ടു മൂന്നു മാസത്തെ തിരക്കു കൂടി കഴിഞ്ഞാലേ വിവാഹജീവിതത്തില്‍ പൂര്‍ണ്ണമായും ഇന്‍വോള്‍വ് ചെയ്യാന്‍ കഴിയൂ. ഭാര്യ എന്ന റോളില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയൂ. ഇപ്പോള്‍ എന്റെ വര്‍ക്കില്‍ ഫുള്‍ ഡെഡിക്കേറ്റാണ്. പ്രജിത്തിന് കല്ല്യാണത്തിനു മുമ്പ് തന്നെ ഈ രണ്ടു പ്രോജക്ടുകള്‍ ചെയ്യാനുണ്ടെന്ന് അറിയാമായിരുന്നു. നമ്മള്‍ പ്രൊഫഷണല്‍ ലൈഫും വ്യക്തി ജീവിതവും രണ്ടായി കാണാന്‍ ആഗ്രഹിക്കുന്നതു കൊണ്ട് വിവാഹം ആ രീതിയില്‍ കാണുകയായിരുന്നു. അല്ലെങ്കില്‍ ജൂണ്‍, ജൂലായില്‍ മാത്രമേ വിവാഹം നടത്തുമായിരുന്നുളളൂ, പക്ഷേ ആ സമയത്ത് വിവാഹം നടത്തിയത് നന്നായി. ഞങ്ങള്‍ രണ്ടു പേരും തമ്മില്‍ വളരെ കംഫര്‍ട്ടായി, കുടുംബാംഗങ്ങളുമായൊക്കെ വളരെ നല്ലൊരു ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. രണ്ടു പേര്‍ ഒന്നിച്ച് താമസിക്കുമ്പോള്‍ മാത്രമേ എങ്ങനെയാണ് രണ്ടു പേരും എന്നത് പരസ്പരം അറിയാന്‍ കഴിയുകയുളളൂ.
എന്‍ഗേജ്‌മെന്റിന്റെ ഒരു ആറേഴുമാസം മുമ്പ് അറിയുമെങ്കിലും കല്ല്യാണം കഴിഞ്ഞാല്‍ ഒരു പാട് കാര്യങ്ങളില്‍ സെറ്റിലാകാനുണ്ട്. ചെറിയ കാര്യങ്ങളാണതെല്ലാം. ചില ദിവസങ്ങളിലെ വാദപ്രതിവാദങ്ങള്‍ ഒരു ടവ്വലിനു മുകളിലായിരിക്കും അല്ലെങ്കില്‍ ടൂത്ത് പേസ്റ്റിന്റെ. മൊബൈല്‍ ഫോണ്‍ എവിടെ വെച്ചെന്നായിരിക്കും. അതാണ് രസങ്ങള്‍. ഇപ്പോള്‍ ഞങ്ങള്‍ എങ്ങനെയാണെന്ന് രണ്ടു പേരും പരസ്പരം തിരിച്ചറിഞ്ഞിരിക്കുന്നു. അത് വലിയ കാര്യമാണ്.പ്രജിത്തും അങ്ങോട്ടും ഇങ്ങോട്ടും ട്രാവല്‍ തന്നെയാണ്്. ബിസിനസ്പരമായി ഇടയ്ക്ക് കൊച്ചിയിലുണ്ടാകും. അതു കൊണ്ട് പലപ്പോഴും പരസ്പരം കാണാറുണ്ട്.
മംമ്തയുടെ വീട്ടില്‍ മംമ്ത ഒരേയൊരു മകളാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ ഒരു പാട് അംഗങ്ങള്‍ ഉണ്ടായപ്പോള്‍?
ഞാന്‍ പ്രജിത്തിനെ കാണുന്നത് കഴിഞ്ഞ ജനുവരി ലാസ്റ്റിലാണ്.പ്രജിത്തിന്റെ സഹോദരി പ്രസീതയുടെ കല്ല്യാണ സമയത്ത്. അപ്പോള്‍ തന്നെ ആ ഫാമിലിയുടെ വിശാലത ഞാന്‍ കണ്ടതാണ്. ഒരു പാട് തമാശകളൊക്കയായി എന്‍ജോയ്‌മെന്റ് ചെയ്യുന്ന ഫാമിലിയാണ്. എന്റെ ഫാമിലിയില്‍ കുറച്ചു കൂടി ശാന്തരായ ആളുകളാണ്.ആ ഒരു കോണ്‍ട്രാസ്റ്റിനോട് അഡ്ജസ്റ്റ് ചെയ്തു പോകാനും കുറേ സമയമെടുക്കും. ചില സന്ദര്‍ഭങ്ങളില്‍ ഒന്നും സീരിയസായി ഇവര്‍ എടുക്കുന്നില്ലേ എന്ന് തോന്നും. വളരെ സീരിയസായിട്ടുള്ള കാര്യം പറയുമ്പോള്‍ അടുത്ത സെക്കന്‍ഡില്‍ തമാശ പറയുമ്പോള്‍ അത് അവര്‍ കാര്യമായി എടുക്കാത്തതാണെന്ന് തോന്നും. അതൊക്കെ കേള്‍ക്കുന്നുണ്ടാകും.കാര്യമായിട്ട് എടുക്കുന്നുണ്ടാകും. നമ്മള്‍ ഹാന്റില്‍ ചെയ്യുന്ന സിനിമയായാലും ജീവിതമായാലും സീരിയസാക്കി കളയും. അവരെല്ലാവരും എല്ലാ കാര്യങ്ങളും വളരെ ലൈറ്റായിട്ടാണ് കാണുന്നത്. ഇപ്പോള്‍ ഞാനും എല്ലാ കാര്യങ്ങളിലും സീരിയസ് അപ്രോച്ച് കുറച്ചിട്ടുണ്ട്. അവരില്‍ ഒരാളായി മാറുന്നു.
മധുവിധു യാത്രകള്‍?
സ്‌കോട്ട്‌ലന്റില്‍ പോയി. രണ്ടാഴ്ച അവിടെയുണ്ടായിരുന്നു. പ്രജിത്തിന്റെ ഫാമിലിയുംകൂടെയുണ്ടായിരുന്നു. പ്രജിത്തിന്റെ സഹോദരിയും ഫാമിലിയും അവിടെയുണ്ട്.ആവിഡീനില്‍പോയി , എഡ്വിന്‍ റോയില്‍പോയി. ലണ്ടനില്‍ ഒരു അഞ്ച് ദിവസം ഉണ്ടായിരുന്നു. ഞാന്‍ പോകാത്തതും കാണാത്തതുമായ കുറേ സ്ഥലങ്ങളില്‍ പോയി. കാരണം ഞങ്ങള്‍ ഷൂട്ടിങ്ങിന്റെ ആവശ്യാര്‍ഥം പോകുമ്പോള്‍ കാണുന്ന സ്ഥലങ്ങളല്ല അവരുടെ കൂടെയൊന്നും പോകുമ്പോള്‍ കാണുന്നത്. അവരുടെ മനസ്സില്‍ വേറെ എന്തൊക്കെയോയാണ്. നമ്മള്‍ പുതിയ പുതിയ ലൊക്കേഷനുകള്‍ തേടിയല്ലേ പോവുക. ഞാനും പ്രജിത്തും പോകുമ്പോഴെല്ലാം റോഡ് സൈഡിലെ ചെറിയ ഭക്ഷണം ഉണ്ടാക്കുന്നകടകളിലൊക്കെ കയറും.അതൊക്കെ നമ്മള്‍ ഷൂട്ടിങ്ങിന് പോകുമ്പോള്‍ തിരക്കു കാരണം മിസ് ചെയ്യുന്നതാണ്.
ബഹറിനില്‍ അടുത്ത കാലത്ത് പോയിരുന്നോ?
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പോയതാണ്. ഒരു 13 ദിവസം അവിടെ നിന്നു. മൈബോസിന്റെ ലാസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞു പോയതാണ്.
ജീവിതത്തെ വളരെ പോസറ്റീവായി കാണുന്ന ആളാണല്ലോ മംമ്ത?
എല്ലാകാര്യവും പോസറ്റീവായി കാണുന്ന ആളാണ് ഞാന്‍. അങ്ങനെ നോക്കിയാലേ കാര്യമുളളൂ. എല്ലാവര്‍ക്കുംഅതു പോലെ പറ്റണമെന്നില്ല. ഒരു പാട് സ്റ്റേജുകള്‍ എക്‌സ്പീര്യന്‍സ് ചെയ്ത് എത്തുന്നതാണ.് പ്രജിത് ഭയങ്കര ഇമോഷണലായ ആളാണ്.അതിന്റെ ഗ്രാഫ് ഉയര്‍ന്നും താഴ്ന്നും ഇങ്ങനെ പോകും.ഞാനാണെങ്കില്‍ ഒരു സ്‌ട്രെയിറ്റ് ലൈനാണ്. എന്താണിങ്ങനെയെന്ന് പ്രജിത് ചോദിക്കാറുണ്ട്. സന്തോഷം വരുന്ന സംഗതിയാണെങ്കില്‍ ഒരു പാട് സന്തോഷവും സങ്കടം വന്നാല്‍ ഒരു പാട് സങ്കടവും ഉണ്ടാകാറില്ല. അതിനിടയിലാണ് .എന്താണ് റിയാക്ട് ചെയ്യാത്തതെന്ന് അദ്ദേഹം ചോദിക്കാറുണ്ട്. ഞാന്‍ ഇങ്ങനെയാണ് എനിക്ക് എന്തു ചെയ്യാന്‍ പറ്റും എന്ന് ഞാനും ചോദിക്കാറുണ്ട്. സന്തോഷം വരുമ്പോള്‍ തീര്‍ച്ചയായും സന്തോഷിക്കണം.
ഒരു പാട് സന്തോഷിച്ച് നാളെ ദുഃഖിക്കേണ്ടി വരുമ്പോള്‍... ഒരു പാട് സന്തോഷിക്കേണ്ട ഘട്ടമൊന്നും അങ്ങനെ ഉണ്ടായിട്ടില്ല. സിനിമയില്‍ തിരിച്ചു വന്ന് നല്ല നല്ല റോളുകള്‍ കിട്ടിയ സമയത്ത് ഭയങ്കരമായി സന്തോഷിച്ചില്ലേ. എന്ന് ചോദിക്കുന്നവരുണ്ട്. അങ്ങനെ ഒരു ലിമിറ്റ് വിട്ട് സന്തോഷിക്കാനൊന്നും എനിക്ക് പറ്റിയിട്ടില്ല. കുറേ ഹര്‍ഡില്‍സുകള്‍ക്ക് കടന്നു വന്നിട്ടാണ് ഇവിടെയെത്തുന്നത്. വിവാഹശേഷം കിട്ടിയ പാര്‍ട്ണര്‍ പ്രജിത് വളരെ ലൈറ്റായിട്ടുളള ആളാണ്.ഇപ്പോഴും ഏതെങ്കിലും ഫാമിലി പാര്‍ട്ടികള്‍ക്കും ഫങ്ക്ഷനുകള്‍ക്കും പോകുമ്പോള്‍ ടീനേജേഴ്‌സിന്റെ കൂടെ ഹാങ് ഒൗട്ട് ചെയ്യാനൊക്കെ പോകുന്ന ഒരാളാണ്.എന്റെ ചെറുപ്പകാലത്ത് എനിക്കൊപ്പം ബ്രദേഴ്‌സും, സിസ്റ്റേഴ്‌സും ആരും ഇല്ലായിരുന്നു. ഞാന്‍ ഇങ്ങനെ ഓടിക്കളിച്ചതൊക്കെ കുറവായിരുന്നു. അതൊക്കെ ഞാന്‍ ഇപ്പോഴാണ് ചെയ്യുന്നത്. അതൊക്കെ പുതിയ അനുഭവങ്ങളാണ്. റിയല്‍ ലൈഫില്‍ അങ്ങനെയായതു കൊണ്ട് ലൊക്കേഷനില്‍ വന്ന് സീരിയസ് ക്യാരക്ടര്‍ ചെയ്യാന്‍ പറഞ്ഞാല്‍ ബോറായി തോന്നും. ആ രീതിയില്‍ മൈബോസ് നന്നായി എന്‍ജോയ് ചെയ്യാന്‍ കഴിഞ്ഞു. ആ ഡിഫ്രന്‍സ് ഞാന്‍ നന്നായി എന്‍ജോയ് ചെയ്യുന്നു. എന്റെ പുതിയ ജീവിതത്തില്‍ നിന്ന് ദൂരെ നിന്നിട്ട് ചെയ്യുന്ന വര്‍ക്കുകള്‍ നന്നായി ചെയ്യണം.
കണ്ടക്ടര്‍, ബിഗ് ബി എന്നീ സിനിമകള്‍ക്കു ശേഷം മമ്മൂട്ടിച്ചിത്രത്തിന്റെ ഭാഗമാവുകയാണല്ലോ മംമ്ത?
കണ്ടക്ടറും ബിഗ്ബിയും ചെയ്തതിനുശേഷം മമ്മൂക്കയുടെ കൂടെ ചെയ്യുകയാണ്. ഇതില്‍ മമ്മൂക്കയുടെ ക്യാരക്ടറിന്റെ ഓപ്പസിറ്റ് വരുന്ന കഥാപാത്രമാണ്. അങ്ങനെ ലൗ ട്രാക്ക് ഈ സിനിമയില്‍ പറയാനൊന്നുമില്ല. അനൂപ് (സംവിധായകന്‍) എന്നോട് പറഞ്ഞത് ഇത് സോഷ്യല്‍ കോസിനു വേണ്ടി വര്‍ക്കു ചെയ്യുന്ന ഒരാളാണ്. വെള്ളിമല എന്ന വില്ലേജില്‍ വളരെ വിദ്യാഭ്യാസമുളള കുട്ടിയാണ് . അത്രയും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന കുട്ടിയാണ് എന്റെ ക്യാരക്ടറായ അനിത.
മൈബോസിലെ കഥാപാത്രം ?
മൈ ബോസ് ഒരു ദിലീപ് സിനിമ എന്നു മാത്രം പറയാന്‍ കഴിയില്ല. ദിലീപ്-മംമ്ത ഫിലിം എന്നു തന്നെ പറയാം.ഹീറോയുടെ പാരലലായി വരുന്ന കഥാപാത്രമാണ് എനിക്കു കിട്ടിയത്. ഹീറോയുടെ ഡേറ്റിനേക്കാള്‍ എന്റെ ഡേറ്റ് ആവശ്യപ്പെടുന്ന കഥാപാത്രമാണ്. അത്രയും ആവശ്യകത ആ കഥാപാത്രത്തിന് ചിത്രത്തിലുണ്ട്. അതില്‍ ഒരു പാട് ലൈറ്റ് മൊമന്റ്‌സാണുളളത്. ബോസിന്റെ ക്യാരക്ടര്‍ ചെയ്യുന്നത് ഞാനാണ്.് ഒരു പെണ്‍കുട്ടി ഒരു ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോള്‍ പുരുഷന് ഉണ്ടാകുന്ന ഡിസ് കംഫര്‍ട്ടും അസംതൃപ്തിയും, അതേ സമയം ഈ പെണ്‍കുട്ടിക്ക് ഒരു പാട് കാര്യങ്ങളില്‍ ഭര്‍ത്താവില്‍ മുന്‍വിധിയുണ്ട്. ഇവരുടെ കോണ്‍ഫ്ലിക്ടില്‍ എവിടെയോ ഒരു സ്‌നേഹമുണ്ട് . അതാണ് ഈ മൈ ബോസിന്റെ രസം. സിറ്റി, വില്ലേജ് എന്നിങ്ങനെ രണ്ടു ബാക്‌ഡ്രോപ്പില്‍ ഷൂട്ട് ചെയ്യുന്ന സിനിമയാണ്.
അവതാരക എന്നത് ആദ്യത്തെ എക്‌സ്പീരിയന്‍സല്ലേ ?
ഷോകളൊക്കെ ആങ്കര്‍ ചെയ്യാന്‍ മുമ്പ് പറഞ്ഞിട്ടുണ്ടെങ്കിലും ഒരു ടി.വി.പ്രോഗ്രാമിനൊക്കെ ആങ്കര്‍ ചെയ്യാന്‍ പറയുന്നത് ആദ്യമാണ്. സൂര്യ ടി.വി.യിലെ വിജയിനെ ആദ്യമേ അറിയാമായിരുന്നു. അങ്ങനെയാണ് ഞാന്‍ അതിന്റെ ഭാഗമാകുന്നത്. ഇത് മണിഗെയിം ഷോയാണ്. ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു മണി ഗെയിം ഷോയ്ക്ക് ഫീമെയില്‍ ആങ്കര്‍ ചെയ്യുന്നത് ഞാനാണ്. പിന്നീടാണ്് ഈ ഷോയുടെ തെലുങ്ക് വേര്‍ഷന് ഒരു ഫീമെയിലിനെ എടുത്തത്. മണി ഗെയിം ഷോ ഫീമെയില്‍ ആങ്കര്‍ ചെയ്യുന്നതില്‍ ഒരു പുതുമയുണ്ടായിരുന്നു. ആ ഷോ സാധാരണ ആള്‍ക്കാരുമായി ഇടപെടാന്‍ നല്ലൊരു വേദിയായി തോന്നി. അതു ചെയ്തു വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്യാന്‍ കാരണവും അത് തന്നെയായിരുന്നു.
നമ്മള്‍ മത്സരാര്‍ഥികളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ വേറൊരു ക്യാരക്ടറാണ്. എന്റെ സ്‌റ്റൈലിലുളള വസ്ത്രം, ഹെയര്‍സ്‌റ്റൈല്‍, മേക്കപ്പ്, സംസാരം . മംമ്ത സംസാരിക്കുന്നതു പോലെ. അങ്ങനെയൊരു ഫ്രീഡം ഞാന്‍ ആ ഷോയില്‍ അനുഭവിച്ചിരുന്നു. അതാണ് ഞാന്‍ ഏറ്റവും എന്‍ജോയ് ചെയതത്. ഷോയില്‍ ആള്‍ക്കാര്‍ വരുന്നു , മത്സരിക്കുന്നു.അപ്പോള്‍ അവരുടെ മെന്റല്‍ സ്‌െട്രസ് എങ്ങനെയാണ്. അവര്‍ എന്നോട് സംസാരിക്കുമ്പോള്‍ ലൈറ്റായി ഫീല്‍ ചെയ്യുന്നതും എല്ലാം എനിക്ക് പുതിയ അനുഭവമായിരുന്നു.പലര്‍ക്കും ആ ഒരു മീഡിയത്തില്‍ പാര്‍ട്ടിസിപ്പേറ്റ് ചെയ്യാന്‍ കിട്ടുന്നതേ നല്ലൊരു കാര്യമാണ്. അവസരമാണ്.
ഹരിഹരന്‍ ചിത്രത്തിലൂടെയെത്തിയ മംമ്ത പിന്നീട് ഹരിഹരന്‍ചിത്രത്തിന്റെ ഭാഗമായി വന്നില്ലല്ലോ?
സാര്‍ എനിക്ക് നല്ലൊരു കഥാപാത്രത്തെ തരാന്‍ കഴിയുന്ന ഒരു സിനിമ ആലോചിക്കുന്നുണ്ട്. മയൂഖം എത്തേണ്ട രീതിയില്‍ എത്താത്തതിനാല്‍ സാറിന് വലിയ വിഷമമുണ്ട്.ഞാന്‍ എന്ന ആര്‍ട്ടിസ്റ്റിന് ശരിയായ രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് സാര്‍ പറയുന്നത്. ഹരിഹരന്‍സാര്‍ എന്റെ ആദ്യ സിനിമാപ്രവേശത്തിനും സത്യന്‍ സാര്‍ എന്റെ രണ്ടാം വരവിനും നിമിത്തമാവുകയായിരുന്നു.
മറ്റു ഭാഷകളില്‍ ഇനി സിനിമ ചെയ്യുമോ?
മറ്റു ഭാഷകളില്‍ അഭിനയിക്കുന്നില്ല. ഇനിയങ്ങോട്ട് ഇപ്പോള്‍ ചെയ്യുന്ന ചിത്രങ്ങള്‍ കഴിഞ്ഞതിനു ശേഷം ഓരോ ചിത്രങ്ങളില്‍ എങ്ങനെ അപ്പിയര്‍ ചെയ്യണമെന്നുളള ഒരു ചോയ്‌സുണ്ടല്ലോ. അതിനാല്‍ അതിനനുസരിച്ചുളള സ്‌ക്രിപ്റ്റും ടീമുമൊക്കെ മുന്നോട്ടു വന്നാല്‍ മാത്രമേ പ്രോജക്ടുകള്‍ കമ്മിറ്റു ചെയ്യുകയുളളൂ. നല്ല സിനിമകള്‍ മാത്രം ചെയ്യാമെന്ന് തീരുമാനിക്കുകയാണ്.
0 comments:
Post a Comment