Translate

Google search

8.20.2012

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു


ആലുവ: കോതമംഗലം മാര്‍ബസേലിയോസ് ആസ്​പത്രിയിലെ നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മന്ത്രിതലചര്‍ച്ചയില്‍ പരിഹരിച്ചു. ബെഡ്ഡിന് ആനുപാതികമായി നഴ്‌സുമാരുടെ എണ്ണം ക്രമപ്പെടുത്താന്‍ ഉപസമിതിയെ ചുമതലപ്പെടുത്തിക്കൊണ്ടാണ് തര്‍ക്കം പരിഹരിച്ചത്. ബോണ്ട് ട്രെയ്‌നികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പേരെയും മിനിമം വേജസ് പരിധിയില്‍ വരുത്തുന്നതിനും തീരുമാനമായി. നഴ്‌സുമാര്‍ക്ക് മൂന്ന് ഷിഫ്റ്റ് ജോലിയും അനുവദിച്ചിട്ടുണ്ട്. ജോലിസമയത്തിന്റെ കാര്യത്തില്‍ നിയമപരമായി ചില പ്രശ്‌നങ്ങളുണ്ടെങ്കിലും മൂന്ന് ഷിഫ്റ്റ് എന്നത് നടപ്പാക്കുമെന്ന് ആലുവ പാലസില്‍ ചേര്‍ന്ന ചര്‍ച്ചയ്ക്കുശേഷം തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 
തൊഴില്‍ -ആരോഗ്യവകുപ്പ് പ്രതിനിധികളേയും നഴ്‌സിങ് അസോസിയേഷന്‍ പ്രതിനിധികളേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഉപസമിതി രൂപവത്കരിച്ചിട്ടുള്ളത്. ആസ്​പത്രിയിലെ ബെഡ്ഡുകളുടെ എണ്ണവും സാഹചര്യവും ഉപസമിതി പരിശോധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരുമാസത്തിനകം നഴ്‌സിങ് അനുപാതം നിശ്ചയിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബോണ്ട് വ്യവസ്ഥ നിലനില്‍ക്കുന്നതല്ല. അതുകൊണ്ടുതന്നെ ഒരു ദിവസമെങ്കിലും ജോലിയില്‍ പ്രവേശിച്ചിട്ടുള്ളവര്‍ക്ക് മിനിമം വേതനം ഉറപ്പാണെന്നും നിലവിലുള്ള നഴ്‌സുമാരെ ആരേയുംപിരിച്ചുവിടില്ലെന്നും തൊഴില്‍മന്ത്രി വ്യക്തമാക്കി. സമരത്തിന് മുന്‍പ് നിലനിന്നിരുന്ന രീതിയില്‍ എല്ലാവരേയും ജോലിയില്‍ പ്രവേശിപ്പിക്കുവാന്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നതാണ്. മാര്‍ച്ച് മൂന്നിന് ഉണ്ടാക്കിയിരുന്ന കരാര്‍ പ്രകാരം വേതനം നല്‍കുന്നതിനും തീരുമാനമായിരുന്നു. ആസ്​പത്രിയിലെ നഴ്‌സുമാരുടെ എണ്ണം സംബന്ധിച്ചുള്ള അന്തിമതീരുമാനത്തിനായാണ് മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ വകുപ്പ് ഉദ്യോഗസ്ഥരും മാനേജ്‌മെന്റും യൂണിയന്‍ പ്രതിനിധികളും തമ്മില്‍ ആലുവയില്‍ ചര്‍ച്ച നടത്തിയത്.

0 comments:

Post a Comment