Translate

Google search

8.24.2012

എയര്‍പോഡ് : ടാറ്റയുടെ കാറ്റിലോടും കാര്‍!

വെള്ളത്തിലോടുന്ന കാര്‍, വെളിച്ചെണ്ണയിലോടുന്ന കാര്‍... സ്‌കൂള്‍ ശാസ്ത്രമേള നടക്കുമ്പോഴാണ് ഇത്തരം വാര്‍ത്തകള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുക. പലപ്പോഴും പ്രായോഗികമാക്കാനാവാത്ത ഇത്തരം കണ്ടുപിടുത്തങ്ങള്‍ക്ക് വലിയ പ്രാധാന്യമൊന്നും ആരും കൊടുക്കാറുമില്ല. എന്നാല്‍, ശാസ്ത്രമേളകളില്‍ പോലും കേള്‍ക്കാത്തൊരു കിറുക്കന്‍ ആശയവുമായാണ് ടാറ്റ മോട്ടോഴ്‌സിന്റെ വരവ്. കാറ്റു കൊണ്ടോടുന്ന കാര്‍. വെറും പറച്ചിലല്ല തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാനായി ഈ കാറിന്റെ പ്രാഥമികരൂപവും ടാറ്റ പുറത്തിറക്കിക്കഴിഞ്ഞു!

'കാറ്റ് ഇന്ധനമാക്കി ഓടുന്ന കാര്‍' എന്ന ആശയത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ ഇരുപതുവര്‍ഷമായി പല കമ്പനികളും ഇതുസംബന്ധിച്ച് ഗവേഷണം നടത്തിവരികയാണ്. 2010 ല്‍ ഹോണ്ട കാറ്റിലോടുന്ന കാറിന്റെ ഒരു മാതൃക അവതരിപ്പിച്ചിരുന്നു. 

സാധാരണ കാറുകളിലുള്ള ഇന്റേണല്‍ കമ്പസ്റ്റിയന്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നതുപോലെ തന്നെയാണ് കമ്പ്രസ്ഡ് എയര്‍ കാര്‍ എഞ്ചിന്‍ കാറിന്റെയും പ്രവര്‍ത്തനം. ഇന്ധനം പിസ്റ്റണുകളെ കറക്കുമ്പോള്‍ അതുവഴി ക്രാങ്ക്ഷാഫ്റ്റും കറങ്ങുന്നു. അങ്ങനെ കാറിനു ചലിക്കാനുള്ള ഊര്‍ജം ലഭിക്കുന്നു. പെട്രോളോ ഡീസലോ ചെയ്യേണ്ട ജോലി കാറ്റ് ചെയ്യുന്നുവെന്നു മാത്രം. സാധാരണ കാറ്റല്ല കമ്പ്രസ്ഡ് എയര്‍ എന്ന വസ്തുതയും ഓര്‍ക്കേണ്ടതുണ്ട്. കമ്പ്രസ്ഡ് എയറിന്റെ ശക്തി കൊണ്ടു പ്രവര്‍ത്തിക്കുന്ന പല ഉപകരണങ്ങളും ഇപ്പോള്‍ തന്നെ വിപണിയില്‍ ലഭ്യമാണുതാനും. 

കാറ്റിലോടും കാര്‍ നിര്‍മിക്കാനായി മാത്രം മോട്ടോര്‍ ഡെവലപ്‌മെന്റ് ഇന്റര്‍നാഷണല്‍ (എം.ഡി.ഐ.) എന്നൊരു കമ്പനി ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കമ്പനി തന്നെയാണ് ടാറ്റയ്ക്ക് എയര്‍പോഡി(Airpod)ന്റെ പ്രാഥമികരൂപം ഉണ്ടാക്കി നല്‍കിയതും. ഇത്തരത്തിലൊരു കാര്‍ മോഡല്‍ നിര്‍മ്മിച്ചുതരണമെന്നാവശ്യപ്പെട്ട് 2007ല്‍ ടാറ്റ മോട്ടോഴ്‌സ് എം.ഡി.ഐ.യെ സമീപിക്കുകയായിരുന്നു. അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം 2012 മെയില്‍ പണി പൂര്‍ത്തിയാക്കി കാര്‍ ടാറ്റയെ ഏല്‍പ്പിച്ചു. ഈ കാര്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാനുളള വന്‍പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുയാണ് ടാറ്റയിപ്പോള്‍. കാര്യങ്ങളെല്ലാം ശരിയായാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 'ടാറ്റ എയര്‍പോഡ്' നിരത്തിലിറങ്ങും.

കാര്‍ എന്നു പൂര്‍ണ അര്‍ഥത്തില്‍ എയര്‍പോഡിനെ വിളിക്കാനാകുമോ എന്ന് സംശയമുണ്ട്. ഒരു സീറ്റേ ഉളളൂ എന്നതാണ് പ്രധാനകാരണം. മണിക്കൂറില്‍ 45 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ പായുന്ന എയര്‍പോഡ് ഫ്യുവല്‍ടാങ്കില്‍ സൂക്ഷിച്ച കംപ്രസ്ഡ് എയര്‍ ആണ് ഊര്‍ജ്ജമായി ഉപയോഗിക്കുക. ഇന്ധനം തീര്‍ന്നാല്‍ വഴിയില്‍ കാണുന്ന ടയര്‍ പഞ്ചര്‍ കടയില്‍ നിന്ന് റീഫില്‍ ചെയ്യാമെന്നര്‍ഥം. ഇലക്ട്രിക് മോട്ടോറിലുമോടുന്ന എയര്‍പോഡിന് ഓട്ടത്തിനിടയില്‍ അന്തരീക്ഷത്തില്‍ നിന്ന് വായു വലിച്ചെടുക്കാനുമാകും. ടാറ്റയുടെ ആശയം വിജയിച്ചാല്‍, വാഹനരംഗത്ത് പുത്തന്‍ യുഗമാകും പിറക്കുക.

0 comments:

Post a Comment