Translate

Google search

8.16.2012

തീരുമാനങ്ങളെടുക്കാന്‍ ഒരിക്കലും വൈകരുത്

ഹാവെല്‍സിനെ വെറും 10 വര്‍ഷം കൊണ്ട് 240 കോടിയില്‍ നിന്നും 6400 കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് വി.ജ്യോതിഷ് കുമാര്‍ എന്ന മലയാളിയായിരുന്നു. ഏതു പ്രശ്‌നത്തിലായാലും ഉടനടിയുള്ള തീരുമാനവും അതു നടപ്പാക്കുന്നതിലുള്ള ആര്‍ജവവുമാണ് തന്റെ തിളക്കമാര്‍ന്ന വിജയങ്ങള്‍ക്ക് പിന്നിലെ പ്രധാനഘടകങ്ങളെന്ന് ഈ തിരുവനന്തപുരം സ്വദേശി പറയുന്നു.പുതുമയും ഗുണമേന്മയുമാണ് വിപണിക്ക് എന്നും വേണ്ടത്. വിലകുറഞ്ഞ ഉത്പന്നങ്ങളിറക്കിയല്ല ജ്യോതിഷ്‌കുമാര്‍ വിപണി പിടിക്കാനിറങ്ങിയത്. മികച്ച, കാര്യക്ഷമമായ പുതുമനിറഞ്ഞ ഉത്പന്നങ്ങളാണ് വേണ്ടതെന്നാണ് ഈ വിപണന തന്ത്രജ്ഞന്റെ അഭിപ്രായം  ബിസിനസ് രംഗത്ത് തീരുമാനങ്ങളെടുക്കുന്നത് അതിവേഗത്തിലായിരിക്കണം. എത്ര സങ്കീര്‍ണമായ വിഷയമായാലും തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. പല തീരുമാനങ്ങളും റിസ്‌ക് നിറഞ്ഞതായേക്കാം. പലതും തെറ്റിപ്പോയെന്നും വന്നേക്കാം. എങ്കിലും സത്വര തീരുമാനങ്ങളിലൂടെയേ ഒരു വ്യവസായത്തെ വളര്‍ച്ചയിലേക്കും പുരോഗതിയിലേക്കും നയിക്കാനാകൂ. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത് തീരുമാനങ്ങള്‍ നീട്ടിക്കൊണ്ടുപോകുന്നത് അക്ഷന്തവ്യമായ തെറ്റാണ്. അതത് സാഹചര്യത്തിനനുസരിച്ച് നമുക്ക് ശരിയെന്ന് തോന്നുന്ന തീരുമാനങ്ങള്‍ഉടനടി കൈക്കൊള്ളണം. നാളെ അത് തെറ്റായിത്തീരുമോ എന്ന ആശങ്കയില്‍ ഇന്ന് ഒരിക്കലും തീരുമാനമെടുക്കാതിരിക്കരുത്.  സ്വന്തം ജീവിതത്തില്‍ ഇത് പ്രാവര്‍ത്തികമാക്കുകയും വന്‍ വിജയം നേടുകയും ചെയ്ത ഒരു വ്യക്തിയാണ് ഇതുപറയുന്നത്. മാര്‍ക്കറ്റിങ് മേഖലയില്‍ വിജയഗാഥകള്‍ രചിച്ച ഹാവെല്‍സിലെ വി. ജ്യോതിഷ്‌കുമാറാണ് തന്റെ അനുഭവസാക്ഷ്യം ഇവിടെ പങ്കുവെയ്ക്കുന്നത്.  200 കോടി രൂപ മാത്രം വാര്‍ഷികവിറ്റുവരവുണ്ടായിരുന്ന ഹാവെല്‍സ് ഇന്ത്യ എന്ന കമ്പനിയെ കേവലം 10 വര്‍ഷംകൊണ്ട് 6600 കോടി രൂപയുടെ വിറ്റുവരവുള്ള ഒരു ബഹുരാഷ്ട്രകമ്പനിയായി വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ജ്യോതിഷിന്റെ റിസ്‌ക് നിറഞ്ഞ തീരുമാനങ്ങളായിരുന്നു. ഹാവെല്‍സ് ഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ( മാര്‍ക്കറ്റിങ് ) ആണ് അദ്ദേഹമിന്ന്. നമ്മുടെ കണക്കുകൂട്ടല്‍ അനുസരിച്ചുള്ള ചടുലതീരുമാനങ്ങള്‍ എടുക്കണം. അത് പലപ്പോഴും യാഥാസ്ഥിതിക മാര്‍ഗങ്ങളില്‍ നിന്നും തികച്ചും വിഭിന്നമാകാം. അപകടകരമെന്ന് തോന്നിയേക്കാം. പക്ഷെ അവിടെ അറച്ചുനിന്നാല്‍ മത്സരത്തിന്റെ ഈ ലോകത്ത് നാം പിന്തള്ളപ്പെട്ടുപോകും. മറ്റൊന്ന് സയമബന്ധിതമായിത്തന്നെ നമ്മുടെ തീരുമാനങ്ങള്‍ നടപ്പാക്കി എന്ന് ഉറപ്പുവരുത്തണം എന്നതാണ്. മുന്‍കൂട്ടിത്തന്നെ എല്ലാം സുരക്ഷിതമാക്കി നമുക്ക് ഒരു ബിസിനസും ചെയ്യാന്‍ കഴിയില്ല. ' ബുദ്ധിപൂര്‍വകമായ ഒരു കണക്കുകൂട്ടലോടെയുള്ള റിസ്‌കാ ' ണ് ബിസിനസ് എന്ന തത്വത്തെ അംഗീകരിച്ചുകൊണ്ടേ നമുക്ക് മുന്നേറാനാ  ഇന്ത്യയില്‍തന്നെ ഏറ്റവുമധികം വിജയംവരിച്ച മാര്‍ക്കറ്റിങ് തന്ത്രജ്ഞരുടെ മുന്‍നിരയിലാണ് 47 കാരനായ ഈ തിരുവനന്തപുരം സ്വദേശിയുടെ സ്ഥാനം. മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം നേടിയശേഷം മാര്‍ക്കറ്റിങ് ഡിപ്ലോമയും കരസ്ഥമാക്കി ഈ രംഗത്തേക്ക് കടന്ന ജ്യോതിഷ്‌കുമാര്‍ എം. ഡി. എസ്. സ്വിച്ച്ഗിയറില്‍ സെയില്‍സ് എന്‍ജിനീയറായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. പിന്നീട് ഫിനോലെക്‌സ് കേബിളില്‍ ജനറല്‍ മാനേജര്‍വരെ എത്തിയശേഷമാണ് 2001ല്‍ ഹാവെല്‍സില്‍ ചേരുന്നത്.   ജ്യോതിഷ്‌കുമാര്‍ ഹാവെല്‍സില്‍ എത്തുമ്പോള്‍ 1918ല്‍ ഡല്‍ഹി ആസ്ഥാനമായി ആരംഭിച്ച ആ കമ്പനിയുടെ മൊത്തം വിറ്റുവരവ് 240 കോടിരൂപയേ ഉണ്ടായിരുന്നുള്ളൂ. ഇതില്‍ 20 കോടിയോളം രൂപ മാത്രമായിരുന്നു വിദേശത്തുനിന്നുള്ള ബിസിനസ്. ബാക്കി മുഴുവന്‍ ഇന്ത്യയില്‍ തന്നെ. പ്രധാനമായും സ്വിച്ച്ഗിയര്‍ നിര്‍മാണവും വില്പനയും  അവിടത്തെ അവസ്ഥ മനസ്സിലാക്കിയ ഞങ്ങള്‍ പുതിയ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ആലോചിച്ചു. 2001ല്‍തന്നെ ഒരു ഉന്നതതല സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ചു. മാനേജിങ് ഡയറക്ടറും മാര്‍ക്കറ്റിങ്, ഫിനാന്‍സ് മേധാവികളും രണ്ട് ഡയറക്ടര്‍മാരുമുള്‍പ്പെട്ട ഒരു ആറംഗകമ്മിറ്റി. പല നിര്‍ണായക തീരുമാനങ്ങളും വളരെ പെട്ടെന്ന് എടുക്കുന്നതിനും വേണ്ടിയായിരുന്നു ഈ കമ്മിറ്റി. അത് കാലതാമസമില്ലാതെ നടപ്പിലാക്കുന്നുവെന്നും ഉറപ്പുവരുത്തിയിരുന്നു.  കൂടുതല്‍ വൈവിധ്യമുള്ള ഉത്പന്നങ്ങളില്ലാതെ കമ്പനിക്ക് വളര്‍ച്ചയുണ്ടാകില്ല എന്ന തിരിച്ചറിവില്‍ നിന്ന് വയറുകളുടെയും സ്വിച്ചുകളുടെയും നിര്‍മാണത്തിലേക്ക് കടന്നു. അന്ന് ഹാവെല്‍സിനേക്കാള്‍ വലിയ ഒരു ഡസന്‍ കമ്പനികളെങ്കിലും ഈ രംഗത്ത് ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കണം. അവിടെയും വളരെ റിസ്‌കിയായ തീരുമാനങ്ങളാണ് ഞങ്ങള്‍ കൈക്കൊണ്ടത്. വിപണിയില്‍ മത്സരിക്കാനായി വിലകുറഞ്ഞ ഉത്പന്നങ്ങളല്ല പുറത്തിറക്കിയത്. ( സ്വാഭാവികമായി അത്തരം ഉത്പന്നങ്ങളുടെ ഗുണവും കുറയുമല്ലോ ) . അന്ന് നിലവിലുള്ള ഏറ്റവും വിലകൂടിയ, ഗുണംകൂടിയ വയറുകളാണ് നിര്‍മിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാലും വയറിലൂടെ തീപടരാത്ത എഫ്. ആര്‍ ( ഫയര്‍ റിട്ടാര്‍ഡന്റ് ) വയറുകള്‍ ഉണ്ടാക്കിക്കൊണ്ട് ഞങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു. ഫാന്‍ നിര്‍മാണത്തിലേക്ക് കടക്കുമ്പോഴും വിലകുറഞ്ഞ ഫാന്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നില്ല. വൈദ്യുതിക്ഷമതയുള്ള മികച്ച ഉത്പന്നം ഉയര്‍ന്ന വിലയ്ക്കുതന്നെ വിപണിയിലെത്തിച്ചു. അങ്ങനെ ഉയര്‍ന്ന വിലയുള്ള മികച്ച ഉത്പന്നങ്ങള്‍ പുറത്തിറക്കി ഒരു പുതിയ മാര്‍ക്കറ്റിങ് രീതി തന്നെ ഹാവെല്‍സ് ആവിഷ്‌കരിച്ചു. ഒടുവില്‍ മറ്റുകമ്പനികള്‍ക്ക് പലതിനും ഞങ്ങളുടെ പാത പിന്തുടരേണ്ടിവന്നു  ഇന്ന് വയര്‍, സ്വിച്ച് ഗിയേഴ്‌സ്, ഫാന്‍, ലൈറ്റിങ്‌സ്, ഭൂഗര്‍ഭ കേബിളുകള്‍, മോട്ടോറുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയെല്ലാം ഹാവെല്‍സില്‍ നിന്ന് പുറത്തുവരുന്നു. സ്വിച്ചുകളുടെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ഹാവെല്‍സ് വയര്‍, കേബിള്‍ എന്നിവയില്‍ രണ്ടാംസ്ഥാനത്തും ഫാന്‍ വിപണിയില്‍ മൂന്നാമതുമാണ്.  താന്‍ ഹാവെല്‍സിലെത്തിയശേഷം വിദേശവിപണികളിലെ സാന്നിധ്യം വലുതായി വര്‍ധിപ്പിച്ചുവെങ്കിലും ഉത്പന്നങ്ങള്‍ ഇവിടെ നിന്ന് കയറ്റി അയക്കുകയായിരുന്നു. എന്നാല്‍ 2006 മുതല്‍ വിദേശത്ത് കമ്പനികള്‍ ഏറ്റെടുക്കുന്നതിനെപ്പറ്റി ആലോചന തുടങ്ങി. ഏറ്റവും റിസ്‌ക് പിടിച്ച തീരുമാനങ്ങളായിരുന്നു അത്. പക്ഷെ ഞങ്ങള്‍ ആ റിസ്‌ക് ഏറ്റെടുക്കാന്‍ തയ്യാറായി. അങ്ങനെ 2007ല്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കക്കാരുടെ ഉടമസ്ഥതയിലുള്ള സില്‍വേനിയ എന്ന കമ്പനിയെ ഹാവെല്‍സ് വാങ്ങി 1400 കോടി രൂപയ്ക്ക്. അന്ന് ഹാവെല്‍സിന്റെ മൊത്തം വിറ്റുവരവ് 1350 കോടിയോളമാണെന്നോര്‍ക്കണം. 850 കോടി രൂപ കടംവാങ്ങിയാണ് സില്‍വേനിയയെ ഏറ്റെടുക്കുന്നത്. അതിസാഹസികമായ ഒരു തീരുമാനമായിരുന്നു ഈ ഏറ്റെടുക്കല്‍. 

വളരെ മോശം സമയമായിരുന്നു വരാനിരുന്നത്. 2007 ല്‍ അമേരിക്ക മാന്ദ്യത്തിലേക്ക് വീണു. 2008 ആകുമ്പോഴേക്ക് അത് യൂറോപ്പിനേയും ഗ്രസിച്ചു. ബാങ്കുകളും കമ്പനികളും ധനകാര്യസ്ഥാപനങ്ങളുമെല്ലാം മൂക്കുകുത്തി വീണു. വില്പന കുറഞ്ഞു. ലൈറ്റിങ് ബിസിനസ്സില്‍ ലോകത്ത് നാലാം സ്ഥാനം ഉണ്ടായിരുന്ന സില്‍വേനിയയുടെ വരുമാനവും കുറഞ്ഞു. ചുരുക്കത്തില്‍ 2008 ലെ മൂന്നാം ത്രൈമാസ ഫലം പുറത്തുവന്നപ്പോള്‍ കമ്പനിയുടെ നഷ്ടം 250 കോടി രൂപ. ഞങ്ങളുടെയെല്ലാം നെഞ്ചിടിപ്പ് ഉയര്‍ന്നു. തീരുമാനം പാളിയോ എന്ന് എല്ലാവരും നെറ്റി ചുളിച്ച സമയം. വളരെ നിര്‍ണായകമായ ഒരു ദശാസന്ധിയായിരുന്നു അത്. ഇന്നും ഉള്‍ക്കിടിലത്തോടെമാത്രം ഓര്‍ക്കാന്‍ കഴിയുന്ന നിമിഷങ്ങളെന്ന് ജ്യോതിഷ്‌കുമാര്‍ പറയുന്നു.  നാലു മാനുഫാക്ചറിങ് യൂണിറ്റുകളും 57 രാജ്യങ്ങളില്‍ സാന്നിധ്യവുമുള്ള സ്ഥാപനമായിരുന്നു സില്‍വേനിയ. ഹാവെല്‍സ് ഏറ്റെടുത്തുഎങ്കിലും സില്‍വേനിയയുടെ ഉന്നതസ്ഥാനങ്ങളിലെല്ലാം നേരത്തെ ഉണ്ടായിരുന്ന വിദേശികള്‍ തന്നെയായിരുന്നു. ഒരു പൊളിച്ചെഴുത്തല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കി. അടിയന്തര തീരുമാനങ്ങള്‍ ഒന്നിനുപിറകെ മറ്റൊന്നായി അനിവാര്യമായ സമയം. നിലനില്പിനായി പൊരുതുന്ന ആ സമയത്ത് പകച്ചു നില്‍ക്കുന്നതിലോ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിലോ അര്‍ത്ഥമില്ലായിരുന്നുവെന്ന് ജ്യോതിഷ്‌കുമാര്‍. ഒന്നരമാസം കൊണ്ട് കമ്പനിയുടെ പൂര്‍ണവിവരം ശേഖരിച്ചു. തുടര്‍ന്ന് 'ഓപ്പറേഷന്‍ ഫീനിക്‌സ്' ആരംഭിച്ചു. കമ്പനിയുടെ തലപ്പത്തുള്ള ഒട്ടേറെപ്പേരെ പിരിച്ചുവിട്ടു. ആത്മഹത്യാപരമാകുമെന്ന പല വിദഗ്ദ്ധരുടെ ഉപദേശങ്ങളും തള്ളിക്കളഞ്ഞ് ഞങ്ങളുടേതായ തീരുമാനപ്രകാരമായിരുന്നു ഇത്. അന്നത്തെ മാന്ദ്യം ഒരു കണക്കില്‍ അനുഗ്രഹവുമായി. കമ്പനികള്‍ക്ക് നഷ്ടപരിഹാരം നല്‍കി ആരെയും പിരിച്ചുവിടാന്‍ അനുമതിയുണ്ടായിരുന്നു. 1400-പേരെയാണ് ഒറ്റയടിക്ക് ഒഴിവാക്കിയത്. അതിന് 240 കോടി രൂപയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നത്. ആധിയുണര്‍ത്തുന്ന ദിനരാത്രങ്ങള്‍. സത്വര തീരുമാനങ്ങളും ചടുല നീക്കങ്ങളുമായി ഞങ്ങള്‍ ആ അവസ്ഥയെ നേരിട്ടു. ബാക്ക് ഓഫീസിലും പ്രധാനതസ്തികകളിലുമെല്ലാം ഇന്ത്യാക്കാരെ നിയമിച്ചു   2009 ഡിസംബറോടെ കമ്പനി ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയിലെത്തി. 2010 മൂന്നാം ത്രൈമാസമാകുമ്പോള്‍ സില്‍വേനിയ  ലാഭത്തിലായി. ഇന്ന് 54 രാജ്യങ്ങളിലും കമ്പനി ലാഭത്തിലാണ്. നാലിടത്തുമാത്രമാണ് ചെറിയ നഷ്ടത്തിലുള്ളത്. അങ്ങനെ മാര്‍ക്കറ്റിങ്ങിന്റെ പുതിയ തന്ത്രങ്ങളും മന്ത്രങ്ങളും പയറ്റി ഈ മലയാളി 6600 കോടി രൂപ വരുമാനമുള്ള കമ്പനിയുടെ ഏറ്റവും വിലപ്പെട്ട ശബ്ദമായി മാറുന്നു. സില്‍വേനിയയുടെ ഒരു ത്രൈമാസത്തിലെ വിറ്റുവരവ് ഇന്ന് 800 കോടിയിലേറെ രൂപയാണ്  ഹാവെല്‍സിന്റെ 2011-12 ലെ വരുമാനം വിറ്റുവരവ് 6600 കോടി രൂപയായിരുന്നു. 11 ശതമാനത്തോളമാണ് ലാഭം. ഇതില്‍ 3800 കോടി ഇന്ത്യയില്‍ നിന്നും 2800 കോടി വിദേശത്തു നിന്നുമാണ് ലഭിക്കുന്നത്. 2012-13 ല്‍ 10,000 കോടി വിറ്റുവരവുള്ള ഒരു കമ്പനിയാക്കി ഹാവെല്‍സിനെ മാറ്റുകയെന്ന ദൗത്യവുമായാണ് ജ്യോതിഷ്‌കുമാര്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. സ്വന്തം നാടായ കേരളത്തില്‍ നിന്ന് 360 കോടിയുടെ വിറ്റുവരവ് നേടുകയാണ് ഈ വര്‍ഷത്തെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം 250 കോടിയോളം രൂപയുടെ വരുമാനം ഇവിടെ നിന്ന് ലഭിച്ചിരുന്നു. 2001 ല്‍ വെറും 10 കോടി രൂപയായിരുന്നു ഹാവെല്‍സിന് കേരളത്തില്‍ നിന്നുള്ള വിഹിതം.  ചൈനയിലെ ഷാങ്ഹായ് യാമിങ് ലൈറ്റിങ്ങുമായി ചേര്‍ന്ന് ഹാവെല്‍സ് സംയുക്ത സംരംഭം ആരംഭിച്ചു കഴിഞ്ഞു. യൂറോപ്പ് വിപണിയെയാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തന്റെ വിപണന വൈദഗ്ദ്ധ്യത്തിന് ഒട്ടേറെ പുരസ്‌കാരങ്ങളും ജ്യോതിഷിന് ലഭിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ട്രെയ്‌നറായ ഇദ്ദേഹം ജെ.കെ.ഹ്യൂമണ്‍ ഡവലപ്പ്‌മെന്റ് സിസ്റ്റംസ് എന്ന ഒരു സ്ഥാപനവും ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ ട്രെയിനിങ് പ്രോഗ്രാമുകള്‍ ജ്യോതിഷ്‌കുമാര്‍ നടത്തിയിട്ടുണ്ട്. 'ആസ്‌ക് വൈ.... തിങ്ക് വൈനോട്ട്' എന്ന ചിന്തോദ്ദീപകമായ ഒരു പുസ്തകവും ഈ മാര്‍ക്കറ്റിങ് പണ്ഡിതന്റെ വകയായുണ്ട്. പുതുതലമുറയ്ക്ക് മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ പകര്‍ന്നുകൊടുക്കാനായി രാജ്യത്തുടനീളം ജ്യോതിഷ്‌കുമാര്‍ പ്രഭാഷണങ്ങളും നടത്തിവരുന്നു
visit us .www.jadayooinfo.com

0 comments:

Post a Comment